Cancel Preloader
Edit Template

ഡിസിസി സംഘര്‍ഷം: ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാൻ വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം

 ഡിസിസി സംഘര്‍ഷം: ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാൻ വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാൻ എംപി വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്.

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ എഐസിസി നിർദ്ദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. പാലക്കാട് എംപി വികെ ശ്രീകണ്ഠന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല നൽകാനാണ് തീരുമാനം. കെ സുധാകരൻ ഇന്ന് 11.30യ്ക്ക് തൃശ്ശൂരിലെത്തുമെന്ന് വിവരമുണ്ട്. അതിനിടെ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തിൽ യൂത്ത് കോൺഗ്രസ് – കെഎസ്‌യു നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും.

കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ പോസ്റ്റർ യുദ്ധവും കൈയ്യാങ്കളിയും കോണ്‍ഗ്രസിന് വലിയ നാണക്കേടായിരുന്നു. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും കെ. മുരളീധരന്‍ അനുകൂലികളും തമ്മിലാണ് പോര്. മുന്‍ എംഎല്‍എമാരായ എംപി വിന്‍സന്‍റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തൃശ്ശൂരിലെ നേതാക്കളോട് രാജിവെക്കാൻ ദില്ലിയിലുള്ള നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് നടപടി തീരുമാനിച്ചത്.

ആശുപത്രിയിൽ ചികിത്സ തേടിയ സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. പിന്നാലെ ജോസ് പക്ഷത്തുനിന്നുള്ള യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു നേതാക്കളും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ ജോസ് വള്ളൂർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *