സത്യപ്രതിജ്ഞ ചടങ്ങ്: കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ക്ഷണം

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പോകുമോയെന്ന് വ്യക്തമല്ല. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. സിപിഎം പിബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിലാണ് ഉള്ളത്. ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻറുമാർ, സ്ഥാനാർത്ഥികൾ, ലോക്സഭ മണ്ഡലങ്ങളുടെ ചുമതലക്കാർ എന്നിവർക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് നേതൃത്വത്തിന് ക്ഷണം ലഭിച്ചിരുന്നു. പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് വിവരം. ഇതുവരെ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
തൃശ്ശൂരിൽ നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സുരേഷ് ഗോപിയെ വിളിച്ച് ഉടൻ ദില്ലിയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു.