Cancel Preloader
Edit Template

പ്രതിഷേധച്ചൂടില്‍ ഡല്‍ഹി: 144 പ്രഖ്യാപിച്ചു; കനത്ത സുരക്ഷ, ബി.ജെ.പി ഒഫിസിലേക്ക് എ.എ.പി മാര്‍ച്ച്

 പ്രതിഷേധച്ചൂടില്‍ ഡല്‍ഹി: 144 പ്രഖ്യാപിച്ചു; കനത്ത സുരക്ഷ, ബി.ജെ.പി ഒഫിസിലേക്ക് എ.എ.പി മാര്‍ച്ച്

ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. ബി.ജെ.പി ആസ്ഥാനത്തേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എത്തിയിട്ടുണ്ട്. എഎപി മന്ത്രിമാരും അദ്ദേഹത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കും.

പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത്, ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകള്‍ അടയ്ക്കുമെന്ന് ഡല്‍ഹി ട്രാഫിക് പൊലിസ് വ്യക്തമാക്കി. പതിനൊന്നു മുതല്‍ രണ്ടുമണിവരെയാണ് റോഡുകള്‍ അടയ്ക്കുന്നത്.  ബിജെപി ഓഫിസിന് മുന്നിലെ റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.ബി.ജെ.പി ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്താന്‍ എഎപി അനുമതി തേടിയിട്ടില്ലെന്ന് ഡല്‍ഹി സെന്‍ട്രല്‍ എസിപി സച്ചിന്‍ ശര്‍മ പറഞ്ഞു.

എഎപി നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ചാണ് ‘ജയില്‍ ഭാരൊ’ എന്ന് പേരില്‍ പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ തന്നെ മര്‍ദിച്ചെന്ന എഎപി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കഴിഞ്ഞദിവസം ബിഭവിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, എഎപി മാര്‍ച്ച് പ്രഖ്യാപിച്ചത്.

”സ്വാതി മലിവാള്‍ കേസിലെ അറസ്റ്റ് വ്യക്തമാക്കുന്നത് ബിജെപി എഎപിയെ ലക്ഷ്യമിടുന്നുവെന്നാണ്. അവര്‍ സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് അവര്‍ എന്റെ പിഎയെ അറസ്റ്റ് ചെയ്തു. രാഘവ് ഛദ്ദ ലണ്ടണില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. ചിലര്‍ പറയുന്നു രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന്. ഇനി അതിഷിയും സൗരഭ് ഭരദ്വാജുമാണുള്ളത്”, ബിഭവിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ”എഎപിയുടെ വളര്‍ച്ചയില്‍ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണു തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്. ഡല്‍ഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാര്‍ട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് രാജ്യം മുഴുവന്‍ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു നല്‍കും”  കെജ്‌രിവാള്‍ പറഞ്ഞു.

‘എന്തിനാണ് അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിക്കുകയാണ് ഞാന്‍. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതാക്കിയെന്നതാണ് ഞങ്ങള്‍ ചെയ്ത ക്രൈം. അവര്‍ക്ക് ഇതിന് സാധിച്ചില്ല. 24 മണിക്കൂറും ഞങ്ങള്‍ വൈദ്യുതി ലഭ്യമാക്കി. അവര്‍ക്ക് ഇതും സാധിച്ചില്ല,’ കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *