യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതമെന്ന് മോട്ടോര്‍വാഹന വകുപ്പ്

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പുതിയ കണ്ടെത്തല്‍. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജിപി എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം നടന്നത്. ആര്യ രാജേന്ദ്രനും സച്ചിന് ദേവുമുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് നടുറോഡില്‍ സീബ്രാ ലൈനില്‍ കെഎസ്ആര്‍ടിസിക്ക് കുറുകെ കാര്‍ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സംഭവത്തിന്റെ ദൃശ്യങ്ങളും സിസിടിവി ചിത്രവും ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.