ലോട്ടറി നിയമങ്ങൾ ലംഘിച്ച് ലക്കി ഡ്രോ നടത്തി : ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതി
ലക്കി ഡ്രോ നടത്തി ലോട്ടറി നിയമങ്ങൾ ലംഘിച്ചെന്ന പേരിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലിസിൽ പരാതി. വയനാട് ജില്ലാ ലോട്ടറി അസിസ്റ്റൻ്റ് ഓഫീസറുടെ പരാതിയിൽ മേപ്പാടി പൊലിസാണ് കേസെടുത്തത്. ബോച്ചെടീകൊപ്പം ലക്കി ഡ്രോ നടത്തിയെന്നും ഇത് ലോട്ടറി നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.
ബോചെയെ ഭൂമി പത്ര എന്ന കമ്പനിയുടെ പേരിൽ ആണ് സമ്മാന കൂപ്പൺ വിതരണം ചെയ്തത്. ചായപ്പൊടി വാങ്ങുമ്പോൾ കൂപ്പൺ സമ്മാനമായി ലഭിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സമ്മാന പ്രക്രിയ ലോട്ടറി റഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. പൊലിസിന്റെ എഫ്ഐആറിൽ ചായപ്പൊടി വിൽപ്പനയുടെ മറവിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്നു എന്നാണ് എഴുതി ചേർത്തിട്ടുള്ളത്. നറുക്കെടുപ്പ് ദിവസേന ഉള്ളതിനാൽ ഇത് സർക്കാരിൻ്റെ ലോട്ടറി വിൽപനയ്ക്ക് എതിരാണെന്നും സർക്കാരിന് നഷ്ടം ഉണ്ടാകുമെന്നും അതിൽ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള സമ്മാനക്കൂപ്പൺ ഓൺലൈൻ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നുമുള്ള പരാതിയിൽ ലോട്ടറി ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രസ്തുത വിഷയത്തിൽ തൻ്റെ കമ്പനി സെയിൽസ് പ്രമോഷൻ മാത്രമാണ് ലക്ഷ്യമിടുന്നത് എന്നാണ് ബോബി ചെമ്മണ്ണൂർ പ്രതികരിക്കുന്നത്.