കേന്ദ്രസർക്കാർ അനുമതി നൽകിയാൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കൂ; ബി.സി.സി.ഐ
കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐ.സി.സി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കുവെന്ന് ബി.സി.സി.ഐ. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് വെളിപ്പെടുത്തൽ.
ടീമിനെ അയക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനമനുസരിച്ചാണ് ബി.സി.സി.ഐ മുന്നോട്ടുപോവുകയെന്ന് വൈസ് പ്രസിഡന്റ് രാജിവ് ശുക്ല വ്യക്തമാക്കി. ഫെബ്രുവരിയിലും മാർച്ചിലുമായി പാകിസ്താനിലാണ് ഐ.സി.സി ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുക. 2008ലെ ഏഷ്യാകപ്പിനുശേഷം ഇന്ത്യ പാകിസ്താനിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റും കളിച്ചിട്ടില്ല.
സുരക്ഷാഭീഷണി മുൻനിർത്തിയാണ് ഇന്ത്യ-പാകിസ്താൻ പര്യടനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞവർഷം ഏഷ്യാകപ്പിന് പാകിസ്താൻ ആതിഥ്യം വഹിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മത്സരം ശ്രീലങ്കയിലാണ് നടന്നത്. അതേസമയം പാകിസ്താൻ മികച്ച ടീമാണെന്നും അവരുമായി പരമ്പരകൾ വേണമെന്നും വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ മുൻപ് രംഗത്ത് വന്നിരുന്നു. മൈക്കൽ വോൺ, ആദം ഗിൽക്രിസ്റ്റ് എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ശർമയുടെ പ്രതികരണം.
‘ശക്തമായ ബൗളിങ് നിരയുള്ള മികച്ച ടീമാണ് പാകിസ്ഥാൻ. 2006ലും 2007ലുമാണ് അവസാനമായി ഇന്ത്യ- പാകിസ്താൻ പരമ്പര നടന്നത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത് മികച്ച അനുഭവമാകും’ രോഹിത് പറഞ്ഞു