Cancel Preloader
Edit Template

അഗ്‌നിപര്‍വത സ്‌ഫോടനം; ആയിരങ്ങളെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചു

 അഗ്‌നിപര്‍വത സ്‌ഫോടനം; ആയിരങ്ങളെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചു

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം നടന്ന പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് രക്ഷാപ്രവര്‍ത്തകരെത്തി ഒഴിപ്പിച്ചത്. 11,000ത്തിലേറെ കുടുംബങ്ങള്‍ അഗ്‌നിപര്‍വതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ചുരുങ്ങിയത് ആറ് കിലോമീറ്റര്‍ അകലെ മാറി താമസിക്കണമെന്നാണ് നിര്‍ദേശം.

മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളവും താല്‍ക്കാലികമായി അടച്ചു. ചാരം പടരുന്നതും പാറകള്‍ വീഴുന്നതും ചൂടുള്ള അഗ്‌നിപര്‍വത മേഘങ്ങളും സൂനാമി സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാങ് പര്‍വതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അഗ്‌നിപര്‍വതത്തിന്റെ ഒരു ഭാഗം തകര്‍ന്ന് കടലില്‍ വീണാല്‍ സൂനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അഗ്‌നിപര്‍വതത്തിന് കിഴക്കുള്ള ടാഗുലാന്‍ഡാങ് ദ്വീപ് അപകടത്തിലാവും. ഈ ദ്വീപിലുള്ളവരോടും മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018ല്‍ ഇത്തരത്തില്‍ ഒരു സംഭവത്തെ തുടര്‍ന്ന് സുനാമിയുണ്ടാവുകയും 400 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധിയാളുകള്‍ക്കാണ് അന്ന് പരുക്കേറ്റത്.

Related post

Leave a Reply

Your email address will not be published. Required fields are marked *