Cancel Preloader
Edit Template

വിഷുവിനെ വരവേറ്റ് മലയാളികള്‍; കണിയും കൈനീട്ടവുമായി ആഘോഷം

 വിഷുവിനെ വരവേറ്റ് മലയാളികള്‍; കണിയും കൈനീട്ടവുമായി ആഘോഷം

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. സമൃദ്ധിയുടെ ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്. എല്ലാവരും കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂരിൽ വൻ ഭക്ത ജനത്തിരക്കാണ്. പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. മേല്‍ ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലകത്ത് കയറി ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചു. പിന്നാലെ ശ്രീലക വാതില്‍ ഭക്തര്‍ക്കായി തുറന്നിട്ടു. നമസ്കാര മണ്ഡപത്തിലും കണിയൊരുക്കിയിരുന്നു.. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ മാത്രമാകും. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വരി നിൽക്കുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും.

Related post

Leave a Reply

Your email address will not be published. Required fields are marked *