Cancel Preloader
Edit Template

രാഹുൽ ഗാന്ധിയും ആനി രാജയും ഇന്ന് പത്രിക നൽകും; കൽപറ്റയിൽ രാഹുലിന്റെ റോഡ് ഷോ

 രാഹുൽ ഗാന്ധിയും ആനി രാജയും ഇന്ന് പത്രിക നൽകും; കൽപറ്റയിൽ രാഹുലിന്റെ റോഡ് ഷോ

കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ റോഡ്‌ ഷോയുമുണ്ടാകും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയിൽ രാഹുലിനൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുക. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ റോഡ്‌ ഷോയില്‍ ശക്തി തെളിയിക്കാൻ എത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും മാസ് ക്യാമ്പയിന്‍റെ തുടക്കമായിരിക്കും രാഹുലിന്‍റെ കൽപ്പറ്റയിലെ റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമർപ്പിക്കും. എന്നാൽ റോഡ് ഷോയിലെ തിരക്കിനനുസരിച്ച് സമയ ക്രമത്തിൽ മാറ്റം വന്നേക്കാം. ഇന്ന് തന്നെ തിരിച്ച് മടങ്ങുന്ന രാഹുൽ വൈകാതെ വയനാട്ടിലേക്ക് തിരിച്ചെത്തും.

വായനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.ഐ ദേശീയ നേതാവുമായ ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് നടക്കുന്ന പത്രികാ സമര്‍പ്പണത്തിൽ സ്ഥാനാർഥിക്കൊപ്പം കുക്കി സമര നേതാവ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് സത്യമംഗലത്ത് വീരപ്പന്‍ വേട്ടയുടെ മറവിൽ പൊലിസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും സംബന്ധിക്കും. രാവിലെ ഒമ്പതിന് സര്‍വിസ് സഹകരണ ബാങ്ക് പരിസരത്തു നിന്നാരംക്കുന്ന റോഡ് ഷോക്ക് ശേഷമായിരിക്കും കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കുക.

Related post

Leave a Reply

Your email address will not be published. Required fields are marked *