ഓട്ടിസം ബാധിച്ച 16 വയസുകാരന് മര്‍ദനം; അന്വേഷണത്തിന് നിര്‍ദേശം നല്കി മന്ത്രി
ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി മന്ത്രി ആര് ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ആര് ബിന്ദുവിന്റെ ഇടപെടല്‍.തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റര്‍ മര്‍ദിച്ചുവെന്നാണ് പരാതി. 2023 ജൂണ്‍ 27നാണ് സ്നേഹ ഭവനില്‍ കുട്ടിയെ എത്തിച്ചത്.
ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടില്‍ എത്തിച്ച കുട്ടിയുടെ ശരീരത്തില്‍ വടി ഉപയോഗിച്ച് മര്‍ദ്ദിച്ച ചില പാടുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് ചോദിച്ചപ്പോള്‍ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.തുടര്‍ന്ന് വീണ്ടും സ്നേഹ ഭവനില്‍ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകള്‍ കണ്ടത്. പിന്നാലെ കുട്ടിയെ തിരുവല്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.