ജോലി തട്ടിപ്പിനിരയായി 5000ത്തിലേറെ ഇന്ത്യക്കാര്‍; 250 പേരെ രക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കംബോഡിയയില്‍ ജോലി തേടി പോയി വ്യാപകമായി തട്ടിപ്പിനിരയായി 5000ത്തോളം ഇന്ത്യക്കാര്‍. ഇതില്‍ 250 പേരെ ഇതിനകം രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 75 പേരെ മൂന്നു മാസത്തിനിടെ രക്ഷിച്ച് മറ്റൊരിടത്തേക്കു മാറ്റിയതായും മന്ത്രാലയം അറിയിച്ചു.
ജോലി തേടി കംബോഡിയയിലെത്തുന്ന ഇന്ത്യക്കാരെ നിയമവിരുദ്ധമായ സൈബര്‍ ജോലികള്‍ക്ക് നിര്‍ബന്ധിക്കുകയാണ്. ഇങ്ങനെ ശമ്പളമില്ലാതെ ജോലിചെയ്യിച്ച് 500 കോടി രൂപയിലേറെ ഏജന്‍സികള്‍ ആറുമാസത്തിനിടെ നേടിയതായാണ് വിവരം.
ഡാറ്റാ എന്‍ട്രി ജോലിക്കെന്ന പേരില്‍ കൊണ്ടുപോകുന്ന ഇന്ത്യക്കാരെ നിര്‍ബന്ധിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇവരെ ദിവസേന 12 മണിക്കൂര്‍ വരെ ജോലിചെയ്യിക്കുന്നു. നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തിയായില്ലെങ്കില്‍ ഭക്ഷണം പോലും ലഭിക്കില്ല.
ഫേസ്ബുക്കില്‍ ഇന്ത്യക്കാരായ ആളുകളുടെ പ്രൊഫൈല്‍ സ്‌കാന്‍ ചെയ്ത് ഇരകളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് വ്യാജ വനിതാ പ്രൊഫൈലുണ്ടാക്കുന്നു. ഇതുവച്ചാണ് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. വിസമ്മതിച്ചാല്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കും.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി എം.പി സാകേത് ഗോഖലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. നിയമവിരുദ്ധമായ മനുഷ്യക്കടത്ത് അവസാനിപ്പിക്കാനും കംബോഡിയയില്‍ കുടുങ്ങിയവരെ രക്ഷിച്ച് നാട്ടിലെത്തിക്കാനും നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കംബോഡിയ അധികൃതരുമായി ബന്ധപ്പെട്ട് വരുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.