ഇപിക്ക് നന്ദി അറിയിച്ച് ബിജെപി നേതാക്കള്‍

ബിജെപിക്ക് കേരളത്തില്‍പലയിടങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികളാണുള്ളതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാക്കള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന.
ഇത് വിവാദമായതോടെ തിരുത്തുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തി. കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നത്, ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല,കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഇപ്പോഴിതാ ഇപി ജയരാജന് പിണഞ്ഞ അബദ്ധം ബിജെപി നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനും ഇപിയുടെ പ്രസ്താവനയെ പിൻതാങ്ങി.
ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞ ഇപിക്ക് നന്ദിയെന്നും, ഇതിന്‍റെ പേരില്‍ ഇപിയെ അവമതിക്കുന്ന പ്രസ്താവന നടത്തില്ലെന്നും രണ്ടാംസര്‍ക്കാര്‍ വന്ന ശേഷം ഇപി പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇപി വസ്തുതകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
അതേസമയം പാര്‍ട്ടിക്ക് അകത്തുനിന്ന് തന്നെ ഇപിക്ക് തിരുത്തലുകള്‍ നേരിടേണ്ടി വന്നപ്പോൾ പ്രതിപക്ഷവും ശക്തമായാണ് ഇപിയെ നേരിട്ടത്. ഇപിയെ വിമര്‍ശിച്ചും പരിഹസിച്ചും രമേശ് ചെന്നിത്തല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.