Cancel Preloader
Edit Template

രണ്ട് പൈലറ്റുമാരും ഒരേസമയം ഉറങ്ങിപ്പോയി; പാത്തില്‍ നിന്നും തെന്നിമാറി വിമാനം സഞ്ചരിച്ചത് 28 മിനിറ്റ്

 രണ്ട് പൈലറ്റുമാരും ഒരേസമയം ഉറങ്ങിപ്പോയി; പാത്തില്‍ നിന്നും തെന്നിമാറി വിമാനം സഞ്ചരിച്ചത് 28 മിനിറ്റ്

ഒരു യാത്രാ വിമാനത്തിലെ രണ്ട് പൈലറ്റുമാരും ഒരേ സമയം ഉറങ്ങിപ്പോയതിനാല്‍ വഴിതെറ്റി വിമാനം സഞ്ചരിച്ചത് 28 മിനിറ്റോളം. 153 യാത്രക്കാരുമായി പോയ വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് ഒരേസമയം ഉറക്കത്തിലാണ്ടത്. സൗത്ത് ഈസ്റ്റ് സുലവേശിയില്‍ നിന്നും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പറന്ന ബാത്തിക് എയര്‍ വിമാനത്തിനാണ് ഇത് സംഭവിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25 ന് ആയിരുന്നു സംഭവം നടന്നതെന്ന് നാഷണല്‍ എയര്‍ സേഫ്റ്റി ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടു മുന്‍പത്തെ രാത്രിയില്‍ രണ്ട് പൈലറ്റുമാര്‍ക്കും ആവശ്യത്തിന് വിശ്രമം കിട്ടിയില്ലെന്ന് ഇപ്പോള്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പറന്നുയര്‍ന്ന് അല്പനേരത്തിനകം, കുറച്ചു സമയം ഉറങ്ങുന്നതിന് പൈലറ്റ് തന്റെ സഹപ്രവര്‍ത്തകനോട് അനുവാദം ചോദിച്ചു. കോ പൈലറ്റ് സമ്മതിച്ചത് പ്രകാരം പൈലറ്റ് ഉറങ്ങുകയും ചെയ്തു.

അതിനുശേഷം എയര്‍ബസ് എ-320 യുടെ നിയന്ത്രണം കോ-പൈലറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അധികം വൈകാതെ കോ പൈലറ്റും ഉറക്കത്തിലാഴുകയായിരുന്നു. കോ-പൈലറ്റിന് ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അയാളുടെ ഭാര്യയാണ് കുട്ടികളെ നോക്കുന്നതെങ്കിലും, വീട്ടില്‍ ഉള്ള സമയങ്ങളില്‍ അയാള്‍ സഹായിക്കാറുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോ- പൈലറ്റിന്റെ റെക്കോര്‍ഡ് ചെയ്ത അവസാന സന്ദേശം ലഭിച്ചതിന് ശേഷം 12 മിനിറ്റോളം ജക്കാര്‍ത്തയിലെ ഏരിയ കണ്‍ട്രോള്‍ സെന്റര്‍ വിമനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. കോ- പൈലറ്റില്‍ നിന്നുള്ള അവസാന റെക്കോര്‍ഡഡ് സന്ദേശത്തിന് ശേഷം 28 മിനിറ്റ് കഴിഞ്ഞപ്പോള്‍ പൈലറ്റ് ഉണരുകയും വിമാനം പറക്കുന്നത് തെറ്റായ പാതയിലൂടെയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അപ്പോഴും കോ-പൈലറ്റ് ഉറങ്ങുകയായിരുന്നു.

പിന്നീട് അയാള്‍ കോ-പൈലറ്റിനെ വിളിച്ചുണര്‍ത്തുകയും ഉദ്യോഗസ്ഥരുടെ സന്ദേശങ്ങള്‍ക്ക് പ്രതികരണം നല്‍കുകയും വിമാനത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഏതായാലും വിമാനം സുരക്ഷിതമായി താഴെയിറങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം പിഴവുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ക്കോ, ജീവനക്കാര്‍ക്കോ പരിക്കെല്‍ക്കുകയോ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തില്ല. പൈലറ്റും കോ പൈലറ്റും ഇന്തോനേഷ്യന്‍ പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *