Cancel Preloader
Edit Template

കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പുതു ജീവന്‍; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ അമ്പത് കോടി കടന്നു

 കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പുതു ജീവന്‍; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ അമ്പത് കോടി കടന്നു

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകര്‍ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടോട്ടല്‍ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്‌സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാര്‍ച്ച് 8ന് നെറ്റ്ഫ്‌ലിക്‌സിലെത്തും. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.

ഒരു സിനിമയില്‍ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്‌സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികള്‍ ചേര്‍ത്തുവെച്ചിട്ടുള്ളത്.

കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പിന്നാലെയുള്ള എസ്.ഐ ആനന്ദിന്റേയും സംഘത്തിന്റേയും ആവേശം ജനിപ്പിക്കുന്ന അന്വേഷണം ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഇപ്പോഴും സിനിമയ്ക്ക് തിയേറ്ററുകളില്‍ അനുഭവപ്പെടുന്ന തിരക്ക്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്. നവാഗത സംവിധായകന്‍ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ജോണറില്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണന്‍ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകന്‍ഷ പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരന്‍, അര്‍ത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.

സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ മികവുറ്റ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *