Cancel Preloader
Edit Template

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയില്‍

 കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയില്‍

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരമായിരുന്നില്ല.

സംസ്ഥാനത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കോടതിയില്‍ ഹാജരാകുന്നത്. ഇന്നും നാളെയും ഹരജയില്‍ വിശദമായ വാദം കേള്‍ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചെന്ന വാദമാണ് കേരളം മുന്നോട്ട് വെക്കുന്നത്. കടമെടുപ്പ് ചട്ടങ്ങളിലെ മാര്‍ഗനിര്‍ദേശത്തെയാണ് കേരളം ചോദ്യം ചെയ്യുന്നത്.

അതേസമയം, കേരളത്തിലെ ശമ്പള വിതരണ പ്രതിസന്ധി വീണ്ടും തുടരുകയാണ്. നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നതിന് ശേഷവും, ശമ്പള വിതരണം ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. അധ്യാപകര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *