Cancel Preloader
Edit Template

രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ ഫലം വന്നു; കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകും

 രണ്ടു വയസ്സുകാരിയുടെ ഡിഎൻഎ ഫലം വന്നു; കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകും

തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പൊലീസിന് ലഭിച്ചു. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണ് ഡിഎന്‍എ ഫലം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.

നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ വിട്ടുകിട്ടുന്നതിന് സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നൽകി. കുട്ടികളെ വിട്ടുകൊടുക്കുന്നതിൽ തടസ്സമില്ലെന്നാണ് കത്തില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് കത്തു നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ‌ ഇന്നലെ രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാൾ.

ജയിലിൽ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്.രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *