കാട്ടാന ആക്രമണം; കോതമംഗലത്ത് മൃതദേഹവുമായി നടുറോഡിൽ വൻ പ്രതിഷേധം

കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം തുടരുകയാണ്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവസ്യം. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.
ഇടുക്കിയിൽ സർവകക്ഷി യോഗം
ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിനായി സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. മാർച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേർക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് വനംമന്ത്രി നിർദ്ദേശം നൽകി.