Cancel Preloader
Edit Template

അഭിമാന ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ :2035ഓടെ സ്വന്തം സ്പേസ് സ്റ്റേഷൻ; നരേന്ദ്ര മോദി

 അഭിമാന ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ :2035ഓടെ സ്വന്തം സ്പേസ് സ്റ്റേഷൻ; നരേന്ദ്ര മോദി

ഗഗൻയാൻ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്. ഭാരതീയര്‍ ചന്ദ്രനിലിറങ്ങുമെന്നും സമീപ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കുന്ന ദൗത്യം യഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം റോക്കറ്റിലാണ് ഇന്ത്യൻ ബഹിരാകാശ യാത്രികര്‍ ഇപ്പോള്‍ ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്.അഭിമാന ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ ആണ് ഇവിടെ ആരംഭിക്കുന്നത്. വരും തലമുറകളുടെ ഭാവി നിര്‍ണയിക്കുന്ന ദൗത്യമാണിത്. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്പേയ്സ് സ്റ്റേഷൻ ഉണ്ടാകും. ബഹിരാകാശാത്തെ അറിയാത്ത കാര്യങ്ങള്‍ അറിയാൻ ഇത് സഹായകമാകും. അമൃത് കാലത്തില്‍ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യക്കാര്‍ ചന്ദ്രനിലിറങ്ങുന്നതും യഥാര്‍ത്ഥ്യമാകും. ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ രാജ്യത്തിന്‍റെ പേരില്‍ അഭിനന്ദിക്കുകയാണ്. ഇന്ത്യയുടെ അഭിമാനമാണ് ഇവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘാംഗങ്ങളെ കൈയ്യടിയോടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.

പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവൻ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമായി മാറി. നാലുപേരില്‍ രണ്ടുപേരായിരിക്കും ആദ്യം ബഹിരാകാശത്തേക്ക് പോവുക. ​നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.

തിരുവനന്തപുരം വിഎസ്എസ്‍സിയിലെത്തി നരേന്ദ്ര മോദി ​ഗ​ഗൻയാൻ പദ്ധതിയുടെ പുരോ​ഗതി വിലയിരുത്തി. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റ​ഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്‍റഗ്രേഷൻ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതൽക്കൂട്ടാകാൻ പോകുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ പരിപാടിക്കുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.

പ്രധാനമന്ത്രിയുടെ തമിഴ്‌നാട്ടിലെ പരിപാടികൾ

കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന മോദി, 2:45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്റ്ററിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട -ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങുന്ന മോദി നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *