20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ

തിരുവനന്തപുരം വർക്കലയിലെ ചാവർകോട് ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട് ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റെ മൃതദേഹം ആണിതെന്ന് പൊലീസ് സ്ഥിതീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കാണുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു.
ഇയാൾക്ക് കുടുംബപ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചെന്ന് കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.