തൃപ്പൂണിത്തറ സ്ഫോടനം; ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികള്‍ പോലീസ് പിടിയില്‍

തൃപ്പൂണിത്തറ സ്ഫോടനത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പിടിയില്‍. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തറ ഹില്‍പാലസ് സ്റ്റേഷനിലെത്തിക്കും.സ്ഫോടനം നടന്നതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
മനപ്പൂര്‍വമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പടക്കനിര്‍മാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയില്‍ വന്‍തോതില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രതികള്‍ വെടിമരുന്നെത്തിച്ചത്.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തറ ചൂരക്കാടുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപപ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.