വയോധികയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

വയോധികയുടെ കഴുത്തില്‍ നിന്നും സ്ക്കൂട്ടറിലെത്തി മൂന്നരപവന്‍ മാല പിടിച്ചുപറിച്ച കേസില്‍ പ്രതിയെ പിടികൂടി. അറസ്റ്റിലായ ലിജീഷ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണന് നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ അഗസ്റ്റിന് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ച്ചയായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 250 ലധികം സിസിടിവി ക്യാമറകള്‍ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞ ശേഷം പ്രതി നേരിട്ട് വീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചാണ് തിരിച്ചു പോയത്. തുടര്‍ന്ന് സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് പ്രതി വലയിലായത്.പ്രതിയെ ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ 2023 ഒക്ടോബര്‍ 20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ 3 പവന് മാല പൊട്ടിച്ചെടുത്തതും ഈയാളാണെന്നു തിരിച്ചറിഞ്ഞു.
ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വര്‍ഷത്തില്‍ ലിജീഷിനെതിരെ ഓരോ കേസുകള്‍ നിലവിലുണ്ട്.കഴിഞ്ഞ മാസം 22-ന് രാവിലെ 9.30 മണിക്ക് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയായ കെ.കെ.രാധയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചു ബൈക്കില്‍ കടന്നു കളഞ്ഞ ലിജീഷിനെ ശനിയാഴ്ച്ച ഉച്ചയോടെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം തളിപ്പറമ്പ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.