പാകിസ്താൻ തിരഞ്ഞെടുപ്പ്;മൂന്നിടങ്ങളില്‍ പുന:തിരഞ്ഞെടുപ്പ്
വോട്ടെടുപ്പ് അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വോട്ടെണ്ണല്‍ അവസാനിക്കാതെ പാകിസ്താന്‍. ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മുന്നില്‍ നില്‍ക്കുന്നത്. ജയിലില്‍ കഴിയുന്നതിനാല്‍ ഇമ്രാന്‍ ഖാനും പിടിഐക്കും തിരഞ്ഞെടുപ്പില്‍ വിലക്ക് നേരിട്ടതിനാല്‍ത്തന്നെ പിടിഐ നേതാക്കള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് നടന്ന 266 അസംബ്ലി മണ്ഡലങ്ങളില്‍ പുറത്തുവന്ന 256 സീറ്റുകളുടെ ഫലം അനുസരിച്ച് 93 ഇടത്ത് പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും യഥാക്രമം 73, 54 സീറ്റിലും വിജയിച്ചിട്ടുണ്ട്.പൂര്‍ണ ഫലം പുറത്ത് വന്നില്ലെങ്കിലും ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരണത്തിലേറാന്‍ കഴിയില്ലെന്ന കാര്യത്തില്‍ തീര്‍ച്ച വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു സഖ്യകക്ഷി സര്‍ക്കാരായിരിക്കും പാകിസ്താനില്‍ അധികാരത്തിലേറുക. അനിശ്ചിതത്തിനു പിന്നാലെ പിഎംഎല്‍-എനും പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ആക്രമണങ്ങള്‍ക്ക് നടുവില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വൈകിവരുന്നതില്‍ ആഗോളതലത്തില്‍ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക, ലണ്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് എന്‍എ 88(ഖുഷാബ് II), പിഎസ്-18 (ഖോട്കി I), പികെ-90 (കൊഹാട് I) എന്നിവിടങ്ങളില്‍ പുന:തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പിന്റെ ശുദ്ധി സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പിടിഐ ആഹ്വാനം ചെയ്തിട്ടുമുണ്ട്.അതേസമയം ഫലപ്രഖ്യാപനം അനിശ്ചിതമായി വൈകുന്നതിനിടയില്‍ വിജയിച്ച മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പിഎംഎല്‍-എനില്‍ ചേര്‍ന്നിട്ടുണ്ട്. എന്‍എ-54, 48, 253 എന്നീ സീറ്റുകളില്‍ യഥാക്രമം വിജയിച്ച ബാരിസ്റ്റര്‍ അഖ്വീല്‍, രാജ ഖുറ്‌റം നവാസ്, മിയാന്‍ ഖാന്‍ ബുഗ്ടി എന്നിവരാണ് നവാസ് ഷെരീഫിന്റെ പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്.