എല്‍ കെ അദ്വാനിക്ക് ഭാരതരത്ന; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എക്സിലൂടെ

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യയുടെ വികസനത്തിന് നിരവധി സംഭാവനകൾ നൽകിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് അദ്വാനി എന്ന് മോദി എക്സിൽ കുറിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് അദ്വാനിയെ ക്ഷണിക്കാതിരുന്നത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാരതരത്ന പുരസ്കാരം.
“നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. ആഭ്യന്തര മന്ത്രിയായും വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്.” മോദി എക്സിൽ കുറിച്ചു.ഇന്ത്യയിലെ ബിജെപിയുടെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ച നേതാവാണ് ലാൽ കൃഷ്ണ അദ്വാനി. നരേന്ദ്ര മോദി ബിജെപിയുടെ മുഖമായി മാറുന്നതിന് മുൻപ് പാർട്ടിയുടെ പോസ്റ്റർ ബോയ് ആയിരുന്ന എൽ കെ അദ്വാനി നയിച്ച രഥയാത്രയാണ് ബിജെപിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. 1984ൽ രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് 1999ൽ ഭരണം പിടിക്കാൻ സഹായിച്ചതിൽ അദ്വാനിയുടെ ഇടപെടൽ വലുതാണ്.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024
എ ബി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 2009ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത് അദ്വാനിയെ ആയിരുന്നെങ്കിൽ പാർട്ടി പരാജയപ്പെടുകയായിരുന്നു. പിന്നീട് 2014ൽ ബിജെപി അധികാരത്തിലെത്തിയെങ്കിലും മന്ത്രിസഭയിൽ ഇടം ലഭിച്ചിരുന്നില്ല. പകരം ഗൈഡൻസ് കൗൺസിൽ എന്നൊരു സമിതിയിൽ ഉൾപ്പെടുത്തുക മാത്രമാണ് ഉണ്ടായത്.
2020 സെപ്റ്റംബർ മുപ്പത്തിനാണ് പിന്നീട് അദ്ദേഹത്തിന്റെ പേര് വാർത്തകളിൽ നിറയുന്നത്. ബാബരി മസ്ജിദ് പൊളിച്ച കേസിൽ അദ്വാനിയെ വെറുതെ വിട്ടതായിരുന്നു അതിന് പിന്നിൽ. നിലവിൽ പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങളില്ലാത്ത അദ്ദേഹം സഹസ്ഥാപകനായ സ്വന്തം പാർട്ടിയിൽ അപ്രസക്തനാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് അദ്വാനിയെ തേടി ഭാരതരത്ന എത്തുന്നത്.