Cancel Preloader
Edit Template

തമിഴക വെട്രി കഴകം’ സജീവ രാഷ്ട്രീയത്തിലേക്ക് വിജയ്

 തമിഴക വെട്രി കഴകം’ സജീവ രാഷ്ട്രീയത്തിലേക്ക് വിജയ്

രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. തന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതും ചര്‍ച്ചയായതും. സിനിമകളുടെ പ്രൊമോഷണല്‍ വേദികളില്‍ വരെ വിജയ്‍യില്‍ നിന്ന് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൌകര്യം നല്‍കുന്ന ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ലിയോ സക്സസ് മീറ്റില്‍ വിജയ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞേക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ആ വേദിയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചന വിജയ് നല്‍കിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *