Cancel Preloader
Edit Template

ഇത്തവണ സീറ്റ് വേണം’; മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്

 ഇത്തവണ സീറ്റ് വേണം’; മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്

മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് ലീഗ്. പതിവായി പറയും പോലെയല്ല, ഇത്തവണത്തെ ആവശ്യമെന്നും സീറ്റ് വേണമെന്ന് നി‍ർബന്ധമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരിൽ നിന്നു പോകുന്നവരോട് മാത്രം വിവേചനം കാട്ടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

ലീഗിന്റെ ആവശ്യം അംഗീകരിക്കില്ലെങ്കിലും വെട്ടിത്തുറന്ന് പറഞ്ഞ് പ്രതിസന്ധിയുണ്ടാക്കേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട്. മുന്നണി ചർച്ചയിൽ ഇതിനകം മൂന്ന് സീറ്റെന്ന ആവശ്യം ലീഗുന്നയിച്ചിരുന്നു. രാഹുൽ ഇല്ലെങ്കിൽ വയനാട്. അല്ലെങ്കില്‍ വടകരയോ കാസർഗോഡോ കണ്ണൂരോ ആണ് ലീഗ് നോട്ടമിടുന്നത്. എന്നാൽ മുന്നണിക്കല്ല, പാർട്ടിക്ക് ആണ് സീറ്റുകൾ വർധിപ്പിക്കേണ്ടത് എന്ന ദേശീയ നിലപാടിന്റെ ഭാഗമായി ലീഗിന്റെ കൈയിലുള്ള പൊന്നാനി കൈക്കലാക്കാൻ കോൺഗ്രസ് ശ്രമിക്കുമോ എന്നാണിപ്പോൾ ലീഗിന്റെ ആശങ്ക.

ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ആവശ്യം തുറന്നടിച്ച് വ്യക്തമാക്കിയത്. ലീഗ് മുന്നണി യോഗത്തിൽ ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ മയത്തിലാണ് പ്രതികരിച്ചത്. മാണി കോൺഗ്രസ് മുന്നണി വിട്ടതോടെ കോൺഗ്രസിന് രണ്ടാമത്തെ വലിയ കക്ഷിയോട് ഇടയാൻ എളുപ്പമല്ല. ലീഗിനാകട്ടെ എൽഡിഎഫിന്റെ സമീപനം അനുകൂലമായ സാഹചര്യത്തിൽ രാഷ്ട്രീയമായി വിലപേശാൻ പറ്റിയ അവസരവുമാണ്. ഇതാണ് കോൺഗ്രസിനെ കുഴക്കുന്നത്. തിങ്കളാഴ്ചയോടെ സീറ്റ് പങ്കിടുന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. നിലപാടിൽ ലീഗ് ഉറച്ച് നിന്നാൽ കോൺഗ്രസിനകത്തും പൊട്ടിത്തെറിയുണ്ടാകും. ലീഗിന് മയപ്പെടുത്താൻ കോൺഗ്രസിന് മറ്റു വാഗ്ദാനങ്ങളും നൽകേണ്ടി വരും.

Related post

Leave a Reply

Your email address will not be published. Required fields are marked *