എത്ര ചിലവായി? നവകേരള സദസ്സിന്റെ കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിലെ കണക്കിൽ അവ്യക്തത

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്ക് ചോദിച്ചാൽ കിട്ടുന്ന മറുപടി ആകെ കൺഫ്യൂഷനാക്കും. അഴീക്കോട് 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നെങ്കിലും അത് ചെലവാക്കിയത് എങ്ങനെയെന്നു വിവരമില്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം.
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ എത്ര തുക കിട്ടി?. പരിപാടി നടത്താൻ എത്ര തുക സർക്കാർ അനുവദിച്ചു.?രണ്ട് മണ്ഡലങ്ങളിലും എത്ര തുക ഏതൊക്കെ ഇനങ്ങളിൽ ചെലവാക്കി?-കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് വിവരാവകാശ അപേക്ഷയിൽ ചോദിച്ചത് ഇതൊക്കെയാണ്. അപേക്ഷ ഇരു മണ്ഡലങ്ങളിലെയും സംഘാടക സമിതി ജനറൽ കൺവീനർമാരായ ഉദ്യോഗസ്ഥർക്ക് കൈമാറി. രണ്ടിലും മറുപടി വന്നു. നവകേരള സദസ്സിന് സർക്കാർ തുക അനുവദിച്ചിട്ടില്ല.
ഇനി സ്പോൺസർഷിപ്പിൽ കിട്ടിയ തുകയുടെ കണക്ക്. അഴീക്കോട് മണ്ഡലത്തിൽ 40,6000 രൂപ സ്പോൺസർഷിപ്പിലൂടെ ചെലവഴിച്ചെന്ന് സംഘാടക സമിതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തുക നൽകിയത് ആരെന്ന് വിവരമില്ല. ഏതൊക്കെ ഇനത്തിൽ തുക ചെലവാക്കിയെന്നും അറിയില്ല. കണ്ണൂർ മണ്ഡലത്തിലെ വരവും ചെലവുമാണ് കൗതുകം. സ്പോൺസർഷിപ്പായി തുകയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മറുപടി. പരിപാടിക്ക് സർക്കാരും തുക നൽകിയിട്ടില്ല. അപ്പോഴൊരു ചോദ്യം. സ്പോൺസർഷിപ്പിൽ കിട്ടിയതെത്രയെന്ന് ഒരിടത്തുണ്ട്, ഒരിടത്തില്ല. ചെലവാക്കിയതെവിടെ, എങ്ങനെ എന്ന് ഒരിടത്തും രേഖയില്ല. നടന്ന് രണ്ടര മാസമാകുമ്പോഴും സർക്കാർ പരിപാടിയുടെ കണക്കിങ്ങനെയാണ്.