Cancel Preloader
Edit Template

വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ

 വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ

കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്.

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ സുഹൃത്തുക്കളാണ് എനിക്കുള്ളത്,” രാജഗോപാൽ തന്റെ ഊർജ്ജത്തിന്റെ രഹസ്യം പങ്കുവെച്ചു.

പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ ഇവരുടെ ജൂനിയറായിരുന്നു രാജഗോപാൽ. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചു. പിന്നീട് വെല്ലിങ്ടൺ ഐലൻഡിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കമ്പനി പൂട്ടിയതിനെത്തുടർന്ന് സ്വന്തമായി സംരംഭം ആരംഭിച്ചു. അങ്ങനെ കൊച്ചിയിൽ സ്ഥിരതാമസം ആരംഭിച്ചു.

ജീവിതത്തിൽ ഇതുവരെ മദ്യപാനമോ പുകവലിയോ ഏഴയലത്ത് അടുപ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തെ മറവിയോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇതുവരെ ബാധിച്ചിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും സംരക്ഷിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

“പ്രായം കൂടുമ്പോൾ നമ്മൾ മക്കളെ സ്വതന്ത്രരായി വിടണം. വാർദ്ധക്യത്തിൽ ജീവിക്കാനുള്ള സ്വയംപര്യാപ്തത ഓരോരുത്തരും മുൻകൂട്ടി നേടേണ്ടത് അത്യാവശ്യമാണ്,” രാജഗോപാൽ പുതുതലമുറയോട് പറയുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *