Cancel Preloader
Edit Template

ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

 ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഹാജരാവുക. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ച്ച ഹർജിയിൽ വാദം കേൾക്കും.

110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ഫെബ്രുവരി 11 എൻ വാസു, 20 സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും. നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്. ഇക്കാര്യത്തിൽ പോറ്റി എന്ത് വെളിപ്പെടുത്തൽ നടത്തും എന്നതും കാത്തിരുന്ന് കാണണം. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്ത് ഇഡിയുമുണ്ട്. നേരത്തെ 1.3 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ ഇഡിയും ഉടനെ ചോദ്യം ചെയ്യും.

Related post

Leave a Reply

Your email address will not be published. Required fields are marked *