Cancel Preloader
Edit Template

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം

 ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതേസമയം, ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ രം​ഗത്തെത്തി.

അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല.

സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്. താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തന്‍റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ എക്കാലവും മായാതെ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്‍റെവിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു.

വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്‍റെ സൗഹൃദത്തിന്‍റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *