Cancel Preloader
Edit Template

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

 നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. 

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.

ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം

1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. കണ്ണൂരുകാരൻ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം സിനിമാ പഠനം. 1977ല്‍ പി എ ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. ആദ്യം ചെറിയ വേഷങ്ങള്‍. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശൻ കമല്‍ എന്നിവരുമുണ്ട്.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 

സിനിമയ്‍ക്ക് പുറത്തെ ചർച്ചകളിലും ശ്രീനിവാസൻ എന്നും നിറഞ്ഞു. ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയുടെ വാക്കുകൾക്ക് കേരളം എപ്പോഴും കാതോര്‍ത്തു. ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തി. കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ശ്രീനിവാസൻ കേരളത്തെ വിസ്‍മയിപ്പിച്ചു.

വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

Related post

Leave a Reply

Your email address will not be published. Required fields are marked *