Cancel Preloader
Edit Template

സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി

 സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി

കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ സംരംഭക മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ കേരളത്തിൽ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്ത്രീകളെ സ്വയംപര്യാപ്തതയ്ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികൾ ശീലിക്കുക, സൈബർ ഭീഷണികളെ പ്രതിരോധിക്കുക, തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധം പകർന്നു നൽകുന്നതായിരുന്നു ഷി പവർ 2025.

സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനർജി, സന്ദീപ് അഗർവാൾ എന്നിവർ സെഷനുകൾ നയിച്ചു. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സൈബർ സുരക്ഷാ വിദഗ്ധ ഡോ. പട്ടത്തിൽ ധന്യ മേനോൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. എഫ് 9 ഇൻഫോടെക് സി.ഇ.ഒ ജയകുമാർ മോഹനചന്ദ്രൻ, രാജേഷ് വിക്രമൻ എന്നിവരും ഇതേ വിഷയത്തിൽ സംവദിച്ചു.

സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തിൽ പുലർത്തേണ്ട അതിർവരമ്പുകളെക്കുറിച്ചും സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൺ ഹഫീസ്, സൺറൈസ് മെഡിക്കൽ ഡയറക്ടർ ഡോ. രഞ്ജിനി രാഘവൻ എന്നിവർ സംസാരിച്ചു. വിജയകരമായ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലെ പ്രായോഗിക പാഠങ്ങൾ നാച്ചുറൽസ് സലൂൺ സി.എം.ഡി സി.കെ. കുമാരവേൽ, ഓക്സിജൻ ഫൗണ്ടർ ഷിജോ കെ. തോമസ് എന്നിവർ പങ്കുവെച്ചു. ഡിജിറ്റൽ റീട്ടെയിൽ മേഖലയിലെ സ്ത്രീസാന്നിധ്യം സംബന്ധിച്ച് വിവേക് കൃഷ്ണ ഗോവിന്ദ് വിഷയാവതരണം നടത്തി.

കരിയർ വളർച്ചയ്ക്ക് എ.ഐ ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ദീപു സേവ്യറും കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന ബിസിനസ് ആശയങ്ങളെക്കുറിച്ച് ബ്ലെയ്‌സ് നൊറോണയും ക്ലാസ്സുകൾ നയിച്ചു. സമ്പാദ്യ പദ്ധതികളെക്കുറിച്ച് ശ്രീവിദ്യ വി. പൈ വിശദീകരിച്ചു. ഗായിക അഭയ ഹിരൺമയി, മാധ്യമപ്രവർത്തക ലക്ഷ്മി പത്മ എന്നിവർ പങ്കെടുത്ത ഫയർസൈഡ് ചാറ്റ് ശ്രദ്ധേയമായി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ചാനൽ അയാം ഫൗണ്ടർ നിഷ കൃഷ്ണൻ, പ്രമുഖ വ്യവസായികൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *