Cancel Preloader
Edit Template

ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കിമലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC)

 ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കിമലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC)

കൊച്ചി: ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്‌സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ISDC) അര്‍ഹമായി. ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത വിഭാഗത്തിലാണ് ഐ എസ് ഡി സി അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്.

ആഗോളതലത്തില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ഐ എസ് ഡി സി. എറണാകുളം ജില്ലയിലെ പൈനപ്പിള്‍ ഗ്രാമമായ വാഴക്കുളം സ്വദേശി ടോം ജോസഫും ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറുമായ ജൂലിയന്‍ മാച്ചോയും ചേര്‍ന്ന് ഏതാണ്ട് ഒരു ദശാബ്ദം മുമ്പാണ് ഐ എസ് ഡി സി സ്ഥാപിച്ചത്. വിവിധ സര്‍ക്കാരുകള്‍, സര്‍വകലാശാലകള്‍, പ്രൊഫഷണല്‍ സംഘടനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അതിൻ്റെ വിവിധ ഉദ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തിലേറെ പഠിതാക്കളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ 350-ലേറെ സര്‍വകലാശാലകളില്‍ ഐ എസ് ഡി സിയുടെ സജീവ സാന്നിധ്യമുണ്ട്.

പല കാരണങ്ങള്‍ കൊണ്ടും പഠനം മുടങ്ങി സ്‌കൂള്‍ വിടേണ്ടിവന്ന സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗയാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ബദല്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പദ്ധതിയാണ് ഐ എസ് ഡി സിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ലണ്ടനിലെ പ്രശസ്തമായ ഗില്‍ഡ്ഹാളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.

ഫൈനലില്‍ ആഗോള പ്രശസ്തമായ ആറ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് ഐ എസ് ഡി സിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. യുകെയിലെ കാപ്ലന്‍ ഇന്റര്‍നാഷണല്‍, യുഎസിലെ ആരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ക്യു എ ഹയര്‍ എഡ്യുക്കേഷന്‍, യുകെയിലെ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റി, യുഎസിലെ ലോറല്‍ സ്പ്രിങ്‌സ്, യുകെയിലെ പഗോഡ പ്രോജക്ട്‌സും ന്യൂസിലന്‍ഡിലെ ടുപ്പൂതോഹയും എന്നിവയായിരുന്നു ഫൈനലില്‍ ഇടം നേടിയ മറ്റ് സ്ഥാപനങ്ങള്‍.

ആഗോള വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനം കൊണ്ടുവരുന്നതിന് അര്‍ത്ഥവത്തായ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഐ എസ് ഡി സിയുടെ അചഞ്ചലമായ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് ഐ എസ് ഡി സി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ -ലേണിങ് തെരേസ ജേക്കബ്‌സ് അഭിപ്രായപ്പെട്ടു. ഭാവിക്കായി സജ്ജമായിരിക്കുന്ന ലോകത്ത് വിജയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതില്‍ ഐ എസ് ഡി സിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും അവര്‍ പറഞ്ഞു.

ആഗോള വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനം കൊണ്ടുവരാന്‍ അര്‍ത്ഥവത്തായ പങ്കാളിത്തങ്ങള്‍ക്ക് കഴിയുമെന്ന ഐ എസ് ഡി സിയുടെ വിശ്വാസത്തിനുള്ള സാക്ഷ്യപത്രമാണ് ഈ ബഹുമതിയെന്ന് ഐ എസ് ഡി സി സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടിവ് ഡയറക്ടറും സഹസ്ഥാപകനുമായ ടോം ജോസഫ് അഭിപ്രായപ്പെട്ടു. ലോകത്തെ മികച്ചവയില്‍ ഒന്നായി ഐ എസ് ഡി സി അംഗീകരിക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്നും ലോകമെമ്പാടുമുള്ള പഠിതാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാന്‍ ഈ ബഹുമതി തങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

2007-ല്‍ വിദ്യാര്‍ത്ഥിയായി യുകെയില്‍ എത്തിയ ടോം, ബ്രിട്ടിഷ് വിദ്യാഭ്യാസം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഐ എസ് ഡി സി സ്ഥാപിച്ചത്. ഇന്ത്യയില്‍ എസിസിഎ ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് യോഗ്യതകള്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതും ലോകത്തെ തന്നെ ഏറ്റവും വലിയ എസിസിഎ ദാതാക്കളിൽ ഒരാളുമാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ കൂടിയായ ടോം ജോസഫ്. ഐ എസ് ഡി സിയുടെ സ്ട്രാറ്റജി വിഭാഗം കൈകാര്യം ചെയ്യുന്ന അദ്ദേഹം ഡിജിറ്റല്‍ വിദ്യാഭ്യാസ പശ്ചത്തലസൗകര്യം സൃഷ്ടിക്കുന്നതില്‍ ഉള്‍പ്പെടെ നൂതന വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തെ മികച്ചൊരു വാസസ്ഥലമാക്കുകയെന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസ് വിഭാവനം ചെയ്തിട്ടുള്ള ഫ്യൂച്ചർ കേരള മിഷൻ്റെ ചീഫ് ഫെസിലിറ്റേറ്ററാണ് ടോം ജോസഫ്. ലോകത്തുടനീളം ഡിസൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന വേള്‍ഡ് ഡിസൈന്‍ കൗണ്‍സിൽ, ഡാറ്റാ സയന്‍സിനും അനലിറ്റിക്‌സിനുമുള്ള ആഗോള പ്രൊഫഷണല്‍ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധിയുടെ വ്യാപനത്തിനായുള്ള എ ഐ സൊസൈറ്റി ഇന്റര്‍നാഷണല്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ സംഘടനകളുടെ ബോർഡ് അംഗവും ബെംഗലൂരു ഡിസൈന്‍ ഫെസ്റ്റിവലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമാണ് അദ്ദേഹം. കൂടാതെ, എഡ്യുക്കേഷന്‍, എഡ് ടെക്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ്, ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, ഫിന്‍ടെക്, തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ ഏഞ്ചല്‍ ഇന്‍വെസ്റ്ററുമാണ്.

ഫോട്ടോ ക്യാപ്ഷൻ: (വലത്) ഐ എസ് ഡി സിക്ക് ലഭിച്ച പൈ 2025 അവാർഡുമായി ഐ എസ് ഡി സി എക്സിക്യുട്ടിവ് ഡയറക്ടർ – ലേണിങ് തെരേസ ജേക്കബ്സും പാർട്ണർഷിപ്പ്സ് ഹെഡ് ഷോൺ ബാബുവും. (ഇടത്) ഐ എസ് ഡി സി സഹസ്ഥാപകനും സ്ട്രാറ്റജി ആൻഡ് ഡെവലപ്മെൻ്റ് എക്സിക്യുട്ടിവ് ഡയറക്ടറുമായ ടോം ജോസഫ്.

Related post

Leave a Reply

Your email address will not be published. Required fields are marked *