രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; പുതിയ അധ്യക്ഷനെ കണ്ടെത്താൻ യൂത്ത് കോണ്‍ഗ്രസിൽ ചര്‍ച്ച സജീവം
തിരുവനന്തപുരം: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎം, ബിജെപി പ്രവർത്തകരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം ഇന്നും തുടരും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്.
നിലവിലെ വൈസ് പ്രസിഡന്‍റുമാരായ അബിൻ വർക്കി, ഒ ജെ ജനീഷ് , ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെപിസിസി പ്രസിഡന്‍റ്, കെഎസ്‍യു , മഹിളാ കോൺഗ്രസ് പ്രസിഡന്‍റുമാർ എന്നിവർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായതിനാൽ അബിൻ വർക്കിയെ പരിഗണിക്കാൻ സാധ്യത കുറവാണ്.
കെ സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിൽ രാഹുൽ പ്രസിഡന്‍റായ സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നാണ്. ദേശീയ കമ്മിറ്റി പുനസംഘടനയിൽ പരിഗണിക്കപ്പെടാതെ പോയ കെ എം അഭിജിത്തിനായി കേരളത്തിലെ മുതിർന്ന നേതാക്കൾ നീക്കം നടത്തുന്നുണ്ട്. സ്ഥിരം പ്രസിഡന്‍റിനെ വെയ്ക്കണോ ആർക്കെങ്കിലും താത്കാലിക ചുമതല നൽകണോ എന്നകാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.