പണിമുടക്കിലെ ആക്രമണം;സിപിഎം-ബിജെപി അന്തർധാര വ്യക്തമാകുന്നു: യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: കഴിഞ്ഞ ദിവസം പണിമുടക്കിനോട് അനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരേ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളെ ജാമ്യത്തിൽ പുറത്ത് വിട്ട നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്.
സിപിഎം – ബിജെപി തമ്മിലുള്ള ആഭ്യന്തര ധാരണകളുടെ അവസാന ഉദാഹരണമാണ് ഈ നടപടി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ആരോപിച്ചു.
“ഒരു ഭാഗത്ത് അക്രമത്തെ എതിർത്തതുപോലെ മറുഭാഗത്ത് പ്രതികൾക്ക് അനുകൂലമായ ഇടപെടലുകൾ നടന്നത് പരസ്പര രാഷ്ട്രീയ അനുകൂലതയുടെ തെളിവാണ്,” സൂരജ് പറഞ്ഞു.
പണിമുടക്കിനെ പിന്തുണയ്ക്കുന്നത് വ്യക്തമായ നിലപാടാണെങ്കിലും അക്രമ സമരങ്ങൾക്ക് ഒരു പിന്തുണ നൽകാനാവില്ലെന്നും ആക്രമണം നടത്തിയവർക്കെതിരെ മുഖം നോക്കാതെ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ദേശീയ പണിമുടക്കിൽ സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.