Cancel Preloader
Edit Template

മഴ ശക്തമാകും, മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റും, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

 മഴ ശക്തമാകും, മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റും, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

അതേസമയം അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം ഈ കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ഇതേ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ എറണാകുളം ജില്ലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായി.

Related post

Leave a Reply

Your email address will not be published. Required fields are marked *