Cancel Preloader
Edit Template

വയനാട്ടിൽ പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

 വയനാട്ടിൽ പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരും. പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോണും’ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ‘നോ ഗോ സോണിനുള്ളിൽ’ പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോ​ഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.

പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ പറയുന്ന വിഷയങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു

Related post

Leave a Reply

Your email address will not be published. Required fields are marked *