Cancel Preloader
Edit Template

പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു

 പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു

കൊല്ലം: കൊട്ടാരക്കരയിൽ പൊലിസുകാരെ സോഡാകുപ്പി ഉൾപ്പെടെയുള്ളവ കൊണ്ട് ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സിനെ റിമാൻഡ് ചെയ്തു. 20 പേരെയാണ് റിമാൻഡ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള നിരവധി പേർക്കാണ് ഗുരുതര പരുക്കേറ്റത്. കൊട്ടാരക്കര സിഐയും വനിതാ സിപിഒമാരും ഉൾപ്പെടെ 12 പൊലിസുകാർ ചികിത്സയിലാണ്. ട്രാൻസ്ജെൻഡേഴ്സിനെതിരായ നാലുവർഷം മുമ്പുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ നടത്തിയ എസ്പി ഓഫിസ് മാർച്ചിലാണ് വ്യാപക ആക്രമണം നടന്നത്.

ഇന്നലെ വൈകീട്ടാണ് ആക്രമ സംഭവം ഉണ്ടായത്. നാല് വർഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിൽ ട്രാൻസ്ജെൻഡേഴ്‌സായ ആറുപേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിന്റെ സമൻസുകൾ പ്രതികൾക്ക് കഴിഞ്ഞ ദിവസങ്ങളിലായി വന്നതോടെയാണ് ട്രാൻസ്ജെൻഡേഴ്‌സ് സംഘടിച്ച് എസ്.പി ഓഫിസിലേക്കു മാർച്ച് നടത്തിയത്. കേസുകൾ റദ്ദാക്കണമെന്നും കേസെടുത്ത പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മാർച്ച് പൊലിസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ വെച്ച് റോഡ് ഉപരോധിച്ചു. എന്നാൽ, ഉപരോധം നടക്കുന്നിടത്ത് കൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സമരക്കാരിൽ ചിലർ അക്രമിക്കാൻ ശ്രമിക്കുകയും ഇത് പൊലിസ് തടയുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.

പൊലിസിന് നേരെ ട്രാൻസ്ജെൻഡേഴ്‌സ് സോഡാകുപ്പി ഉൾപ്പെടെ എറിഞ്ഞു. സോഡാകുപ്പി ഏറുകൊണ്ട സിഐയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഒരു വനിതാ സിവിൽ പൊലിസ് ഓഫീസർക്കും തലയ്ക്ക് പരുക്കേറ്റു. പിങ്ക് പൊലിസിലെ ഓഫീസർ ആര്യയ്ക്കാണ് തലയ്ക്ക് പരുക്ക് പറ്റിയത്. സിപിഒമാരായ അനീസ്, അബി സലാം എന്നിവർക്കും സാരമായ പരുക്കേറ്റു.

Related post

Leave a Reply

Your email address will not be published. Required fields are marked *