Cancel Preloader
Edit Template

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അയവ് വരുത്താൻ മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ

 ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അയവ് വരുത്താൻ മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ

ജനീവ: ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ചർച്ച നടത്തും. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയിൽ വെച്ചാണ് ചർച്ച. ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരുന്ന കാര്യത്തിൽ തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്.

സമാധാന ശ്രമങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക ഇടപെടലുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തേക്ക് വരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളിലെ പ്രതിനിധികൾ ജനീവയിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. ഈ ചർച്ചയുടെ ഫലമെന്തായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ആണവ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇറാൻ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമായിരിക്കും.

ആക്രമണത്തിൽ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച അമേരിക്ക തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി പലതവണ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നാണ് വിവരം. എന്നാൽ നേരിട്ട് ഇടപെടാൻ രാജ്യങ്ങൾ മടിച്ചുനിൽക്കുമ്പോഴാണ് ഇറാനെതിരായ യുദ്ധത്തിൽ ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുമെന്ന് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. അതേസമയം, സംഘർഷത്തില്‍ അമേരിക്ക ഇടപെട്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

Related post

Leave a Reply

Your email address will not be published. Required fields are marked *