Cancel Preloader
Edit Template

ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ; നിയമ നടപടിക്ക് സർക്കാർ നീക്കം

 ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ; നിയമ നടപടിക്ക് സർക്കാർ നീക്കം

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ് ഭവനെ അറിയിക്കും.

ഇന്നലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ ഗവർണ്ണർ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാക്കൗട്ട് നടത്തിയിരുന്നു. ഗവർണ്ണർ പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികൾ രാജ്ഭവനിൽ നിന്ന് മാറ്റുന്നതിനെ കുറിച്ചും സർക്കാർ പരിഗണിക്കുന്നുണ്ട്. പക്ഷെ പ്രോട്ടോക്കോൾ പ്രകാരം ഗവർണ്ണർ പങ്കെടുക്കേണ്ട സർട്ടിഫിക്കറ്റ് വിതരണം അടക്കം എങ്ങനെ രാജ്ഭവനിൽ നിന്ന് ഒഴിവാക്കുമെന്ന പ്രശ്നമുണ്ട്.

ഗവർണ്ണറുടെ അധികാര പരിധികൾ ഈ വർഷം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർമാർ സർക്കാറുകളുടെ അസ്ഥിരപ്പെടുത്തുന്നതടക്കം സിലബസിൻറെ ഭാഗമാക്കും. കേരളം അടക്കം ബിജെപി ഇതര സർക്കാറുകളുള്ള സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരുടെ ഇടപെടലുകളടക്കം പാഠഭാഗമാകും. ഈ വർഷം പത്താംക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ വിഷയം പഠിപ്പിക്കും. പിന്നാലെ ഹയർസെക്കണ്ടറിയിലും പാഠം ഉൾപ്പെടുത്തും.

അതേ സമയം വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയതിൽ രാജ്ഭവന് കടുത്ത അതൃപ്തി തുടരുകയാണ്. മന്ത്രിയെ വിമർശിച്ചുള്ള വാർത്താകുറിപ്പിനപ്പുറം കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ച് രാജ്ഭവനും ആലോചിക്കുന്നു. പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാൻ രാജ്ഭവൻ നീക്കമുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *