ഇന്ത്യ ആക്രമണം നിര്‍ത്തിയത് പാകിസ്ഥാൻ അഭ്യര്‍ത്ഥിച്ചതോടെ, ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല; ട്രംപുമായി സംസാരിച്ച് മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. 35 മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു ഫോൺ സംഭാഷണം. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപുമായി സംസാരിക്കുന്നത്. പാകിസ്ഥാൻ അഭ്യർത്ഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് മോദി നൽകിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറയുന്നു.
പാകിസ്ഥാന് ചുട്ട മറുപടി നൽകിയെന്നും മോദി പറഞ്ഞതായി വിക്രം മിർസി പറയുന്നു. ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യ-പാക് വിഷയത്തിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. അവിടെ ട്രേഡ് ഡീൽ ചർച്ചയായിട്ടില്ലെന്നും പറഞ്ഞ മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും വിക്രം മിർസി അറിയിച്ചു.
മോദി – ട്രംപ് ഫോൺ സംഭാഷണത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദി പറഞ്ഞുവെന്ന് പറയപ്പെടുന്ന കാര്യങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് ജയറാം രമേശ് ചോദിച്ചു. 37 ദിവസമായി ട്രംപിൻ്റെ അവകാശവാദത്തെ കുറിച്ച് ഒരു വാക്ക് മിണ്ടിയിട്ടില്ല. സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.