Cancel Preloader
Edit Template

പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയർ ഇന്ത്യ

 പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയർ ഇന്ത്യ

ദില്ലി: ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. ദില്ലിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം.

ഈ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിമാനക്കമ്പനി തുടങ്ങി. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ദില്ലിയിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഈ സർവീസ് റദ്ദാക്കിയതോടെ പാരീസിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 142 വിമാനവും റദ്ദാക്കപ്പെട്ടു. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ള വിമാനം തന്നെയാണ് ഇന്ന് പാരീസിലേക്ക് പറക്കേണ്ടിയിരുന്നത്. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.

എയർ ഇന്ത്യ വിമാനങ്ങളിലെ സാങ്കേതിക തകരാർ തുടരുകയാണ്. ഇന്നും ഇന്നലെയുമായി ആറ് വിമാന സർവീസുകളെയാണ് തകരാർ ബാധിച്ചത്. ഇന്നലെ സാൻഫ്രാൻസിസ്കോയിൽ നിന്നും കൊൽക്കത്ത വഴി മുംബൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം രാത്രി 12.45 ന് കൊൽക്കത്തയിൽ ഇറങ്ങുമ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി. വിമാനത്തിൽ പരിശോധന നടപടികൾ ഇപ്പോഴും തുടരുകയാണ്. ബുദ്ധിമുട്ടിലായ യാത്രക്കാർ പ്രതിഷേധിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *