കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

കൊച്ചി: കെനിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിൽ അവരും ഇതേ വിമാനത്തിൽ എത്തുന്നുണ്ട്. അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്.
ഖത്തറിൽ പ്രവാസികളായ 28 അംഗ ഇന്ത്യൻ സംഘമായിരുന്നു ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദസഞ്ചാരത്തിനായി പോയിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശിനി ഗീത ഷോജി (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര വയസ്) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
ഇതിൽ ഗീതയുടെ മൃതദേഹം കൊച്ചിയിൽ സംസ്കരിക്കും. ഇവരുടെ മക്കൾ കൊച്ചിയിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജസ്‌നയുടേയും മകളുടേയും മൃതദേഹം സ്വദേശമായ പേഴക്കാപ്പള്ളിലേയ്ക്ക് കൊണ്ടും. പാലക്കാട് സ്വദേശിനി റിയ ആനിന്റേയും മകളുടേയും പാലക്കാട്ടെ ജന്മദേശത്തേക്ക് എത്തിക്കും.
ഇന്നലെയായിരുന്നു മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്, ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു യാത്രക്കാർ.