Cancel Preloader
Edit Template

‘ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ല’; അമേരിക്കയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ

 ‘ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ല’; അമേരിക്കയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ

ദില്ലി: ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ച നിലപാടിൽ പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറ‍ഞ്ഞു. ഇന്ത്യ, പാക് കേന്ദ്രീകൃത ഭീകരവാദത്തിൻറെ ഇരയാണെന്നും വിദേശത്തേക്ക് പോയ പ്രതിനിധി സംഘങ്ങൾക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യ-പാക് പ്രശ്നവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊമാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരാണ് ഇന്ത്യയുടെ നിലപാട്.

കഴിഞ്ഞ ദിവസം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷം വ്യാപാരത്തിലൂടെ താൻ പരിഹരിച്ചുവെന്ന് ട്രംപ് വീണ്ടും രം​ഗത്ത് വന്നിരുന്നു. ട്രംപ് ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവ‌ർത്തിച്ചത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഞങ്ങൾ മുഴുവനായും പരിഹരിച്ചു. വ്യാപാരത്തിലൂടെയാണ് ആ പ്രശ്നത്തിന് പരിഹാരമായതെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് ഒരു ഡീൽ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നിങ്ങളെന്താണീ ചെയ്യുന്നതെന്നും ഞാൻ ചോദിച്ചെന്നും ട്രംപ് പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യം അവസാനമായി വെടിനി‌ർത്തൽ നടത്തണമായിരുന്നു. എന്നാൽ ദിവസങ്ങൾ പോകും തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. അത് പരിഹരിച്ചുവെന്ന് പറയാൻ ഞങ്ങൾക്ക് വലിയ താൽപര്യമില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചിലത് സംഭവിക്കുന്നു, പിന്നീട് അത് ട്രംപിന്റെ തെറ്റാണെന്ന് അവർ പറയുന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

പക്ഷെ, പാകിസ്ഥാനിൽ നല്ല മനുഷ്യന്മാരുണ്ട്, അവ‍‌ർക്കൊരു നല്ല നേതാവുമുണ്ട്. മോദി എന്റെ സുഹൃത്താണെന്നും ട്രംപ് പറഞ്ഞപ്പോൾ മോദി മ്യൂച്വൽ ഫ്രണ്ടാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മറുപടി നൽകി. മോദി നല്ലൊരു മനുഷ്യനാണ്, ഞാൻ രണ്ടു പേരെയും വിളിച്ചിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേ‌ർത്തു. അതേസമയം, ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിക്കാനുളള എംപിമാരുടെ പ്രതിനിധി സംഘത്തിന്‍റെ വിദേശ സന്ദര്‍ശനം തുടരുകയാണ്. ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് ബഹ്റിനിലെത്തും. കുവൈറ്റ്, സൗദി അറേബ്യ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും. ശശി തരൂരിന്‍റേത് ഉള്‍പ്പെടെയുളള സംഘങ്ങളോട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇന്ന് വിശദീകരിക്കും. സുപ്രിയ സുലൈ, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സംഘങ്ങളിലെ അംഗങ്ങളും യോഗത്തിനെത്തും. 

Related post

Leave a Reply

Your email address will not be published. Required fields are marked *