സൈന്യത്തിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണം;സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്,അതിർത്തിയിൽ പാക് ആക്രമണം

ദില്ലി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സായുധ ഡ്രോണുകൾക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്ന് വിവരം. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബില്‍ പകല്‍ സമയത്തും പലയിടങ്ങളിലായി ഡ്രോണ്‍ ആക്രമണം തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകള്‍ കൂട്ടമായെത്തുന്നുണ്ട്.ഇതിനെ തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കും എന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ തീരുമാനം മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ സംഘർഷം തുടരുമ്പോൾ വലിയ ഭിന്നതയും വിമർശനവുമാണ് പാകിസ്ഥാനിൽ. അതിരൂക്ഷമായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാൻ ഖാൻ അനുകൂലികൾ ഉൾപ്പെടെ വിമർശനങ്ങൾ ഉയർത്തുന്നത്. ഇമ്രാൻ ഖാനും ഭാര്യയും മാസങ്ങളായി പാകിസ്ഥാനിൽ ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്. ഇമ്രാൻ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാൻ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാഗം ആളുകൾക്കുണ്ട്. ഈ സമയത്ത് പാകിസ്ഥാൻ ഇത്രയും ദുർബലമായി പോയത് ഇമ്രാൻ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും ശക്തമാണ്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് പാകിസ്ഥാനിൽ നേതാക്കൾ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്.