Cancel Preloader
Edit Template

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് തൊട്ടരികെ സേന, ഹെലികോപ്റ്റര്‍-ഡ്രോൺ പരിശോധന, നാലിടത്ത് വളഞ്ഞെന്ന് റിപ്പോർട്ട്

 പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് തൊട്ടരികെ സേന, ഹെലികോപ്റ്റര്‍-ഡ്രോൺ പരിശോധന, നാലിടത്ത് വളഞ്ഞെന്ന് റിപ്പോർട്ട്

ദില്ലി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്. ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ്പുണ്ടായെന്നും സൂചനയുണ്ട്. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരർക്കായി ത്രാൾ, അനന്തനാഗ, കൊക്കർന്നാഗ് ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. അനന്തനാഗ് പൊലീസും ഒപ്പമുണ്ട്.

അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സി ആർ പി എഫ് സുരക്ഷ കൂട്ടിയത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. ഫലപ്രദമായി തിരിച്ചടിച്ചെന്ന് സൈന്യം വ്യക്തമാക്കുന്നു. അതിനിടെ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എൻഐഎ അറിയിച്ചു. കേരളത്തിലടക്കം എൻഐഎ സംഘമെത്തും.

അറബ് രാജ്യങ്ങളെ ഒപ്പം നിർത്താൻ ഇന്ത്യ 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യയുടെ നിര്‍ണായക നീക്കം. എംപിമാരുടെ സംഘത്തെ യുഎഇ ,സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കും. ശശി തരൂർ, അസദുദീൻ ഒവൈസി തുടങ്ങിയ എംപിമാരുൾപ്പെടുന്ന സംഘത്തെയാണ് പരിഗണിക്കുന്നത്.  പാകിസ്ഥാന്റെ തീവ്രവാദ നിലപാട് തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടർ നീക്കങ്ങളുടെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളോട് ഭീകരാക്രമണത്തിന്റെ വിവരങ്ങൾ അറിയാക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകൾ നടക്കുന്നത്.

പാകിസ്ഥാന് ചൈനയുടെ പിന്തുണ, ഇന്ത്യക്ക് കടുത്ത അതൃപ്തി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും

Related post

Leave a Reply

Your email address will not be published. Required fields are marked *