Cancel Preloader
Edit Template

എം എ ബേബി ജനറൽ സെക്രട്ടറി; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

 എം എ ബേബി ജനറൽ സെക്രട്ടറി; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും.  അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിന്‍റെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സിപിഎമ്മിനെ ബേബി നയിക്കും

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിലെത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. 

Related post

Leave a Reply

Your email address will not be published. Required fields are marked *