സൈബർ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ട് യുവാവ്

പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലര്‍ഷിപ്പിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്കിയ കണ്ണൂര്‍ സ്വദേശിയായ യുവാവിന് സൈബര്‍ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി. കമ്പനിയുടെ യഥാര്‍ത്ഥ വെബ് സൈറ്റാണെന്നു കരുതി വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി യും നല്‍കിയതോടെ യുവാവിന്റെ വാട്ട്സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയില്‍ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്ട്രേഷനുള്ള ഫോമുകളും ഫോണ്‍ നമ്പറും അയച്ചു നല്കി.
തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു കൊടുത്തു. പിന്നീട് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അന്വേഷിക്കുകയും ഡീലര്‍ഷിപ്പ് എടുക്കുന്നതിനുള്ള നടപടികള്‍ക്കുവേണ്ട പണം പല തവണകളായി അയച്ചുനല്‍കുകയായിരുന്നു.വീണ്ടും ലൈസന്‍സിനും മറ്റും കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. പിന്നീട് യുവാവ് ബാങ്കുമായി ബന്ധപ്പെട്ട് പണം അയച്ചു നല്കിയ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് അല്ലെന്നും ഒരു വ്യക്തിയുടെ അക്കൗണ്ട് ആണെന്നും അറിയാന്‍ സാധിച്ചു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.
ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ ധാരാളം നടക്കുന്നുണ്ടെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ നല്കുന്ന വിവരങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്. പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി ഇടപാടുകാര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആരെങ്കിലും നിങ്ങളോട് ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങള്‍ ചോദിച്ചാല്‍, അത് നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്കാന് ബാങ്കുകളോ കമ്പനികളോ ഇടപാടുകാരോട് ആവശ്യപ്പെടുന്നില്ല.സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലര്ത്തണമെന്നുംസൈബര് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്പ്പ്ലൈനില് ബന്ധപ്പെടണമെന്നും കണ്ണൂര്‍ സൈബല്‍ സെല്‍ സി. ഐ അറിയിച്ചു.