മാത്യു കുഴൽനാടനെതിരേ കേസെടുത്ത് റവന്യു വകുപ്പ്
അനധികൃത ഭൂമി കൈവശം വെച്ച കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരേ കേസെടുത്ത് റവന്യു വകുപ്പ്. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വച്ചതിനാണ് കേസ്. ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും റവന്യു വകുപ്പ് ഇടുക്കി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസില്‍ദാറാണ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയത്. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്റോളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്നാടന് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കഴിഞ്ഞയാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഈ കണ്ടെത്തൽ ശരിവെച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ആധാരത്തിൽ വില കുറച്ചു കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമിയെ ചൊല്ലി അന്വേഷണം ആരംഭിക്കുന്നത്.
മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 21 സെന്റ് സ്ഥലം വാങ്ങിയെന്നായിരുന്നു കുഴല്നാടൻ മൊഴി രേഖപ്പെടുത്തിയത്. ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിൻറെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. വില്ലേജ് സർവേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്റ് അധിക ഭൂമി കുഴല്‍നാടന്റെ പക്കലുള്ളതായാണ് റവന്യു ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടനെതിരേ കേസെടുക്കുന്നത്.
അതേസമയം മാത്യു കുഴൽനാടൻ എം എൽ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എൽ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ. എം എൽ എയ്ക്ക് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ. ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് പീറ്റർ പ്രതികരിച്ചത്.