Cancel Preloader
Edit Template

വനിതാദിനത്തിൽ വനിതകൾക്കായുള്ള പ്രത്യേക പരിശീലനവുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

 വനിതാദിനത്തിൽ വനിതകൾക്കായുള്ള പ്രത്യേക പരിശീലനവുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ICTAK) ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ടെക്നോപാർക്കുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി രൂപകല്പന ചെയ്ത ‘elevateHER’ എന്ന പരിവർത്തനാത്മക ലേൺ-എ-തോൺ സംരംഭം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ ICTAK-യുടെ ആസ്ഥാനത്തിൽ നടന്ന ചടങ്ങിൽ ഡോ. എം.എസ്. രാജശ്രീ (TrEST റിസർച്ച് പാർക്ക് സിഇഒ, മുൻ KTU വൈസ് ചാൻസലർ) ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ ലോകത്തിൽ സ്ത്രീകൾക്ക് പരിജ്ഞാനവും കഴിവുകളും നേടാൻ സഹായിക്കുന്ന elevateHER പോലുള്ള സംരംഭങ്ങൾ അത്യന്താപേക്ഷിതമാണെന്നും, ഇത് ആത്മവിശ്വാസവും കഴിവുമുള്ള പുതിയ തലമുറ വനിതാ നേതാക്കളെ വളർത്തുന്നതിലും നിർണ്ണായകമായ പങ്കുവഹിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഈ പരിപാടിയുടെ ഭാഗമായി, അക്കാദമിയുടെ LMS വഴിയുള്ള സ്വയംപഠന കോഴ്സുകൾ, വിദഗ്ദ്ധരുമായി സംവാദങ്ങൾ, ലീഡർഷിപ്പ് മീറ്റുകൾ, മികച്ച വനിതാ പ്രൊഫഷണലുകളുമായി പാനൽ ചർച്ചകൾ എന്നിവ വഴി 2,025 വനിതകൾക്ക് സൗജന്യമായി സ്‌കില്ലിംഗ് നൽകുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബിന്ദു വി.സി. (മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപ്പറേഷൻ) നയിച്ച ‘പക്ഷഭേദമില്ലാത്ത ലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെഷനും സംഘടിപ്പിച്ചു.

പരിപാടിയിൽ അനിത ബി. (നോളജ് ഓഫിസർ, ICTAK) സ്വാഗതമറിയിച്ചു. ഡോ. ദീപാ വി.ടി. (റീജിണൽ മാനേജർ, ICTAK) ഐ.സി.ടി.എ.കെ.യുടെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മുരളീധരൻ മന്നിങ്കൽ (സി.ഇ.ഒ., ഐ.സി.ടി.എ.കെ.), ആനി മോസസ് (അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി കൺട്രോൾ) കൂടാതെ, ദീപാ നായർ (സീനിയർ മാനേജർ HR, 6D Technologies) എന്നിവർ സംസാരിച്ചു.

‘elevateHER’ പ്രോഗ്രാമിനുള്ള രജിസ്ട്രേഷൻ 2025 മാർച്ച് 07 മുതൽ 14 വരെയാണ്. സ്ത്രീകളെ പ്രബോധിപ്പിക്കുകയും പരിവർത്തനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ictkerala.org/elevateher എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related post

Leave a Reply

Your email address will not be published. Required fields are marked *