വീണ്ടും എൻഡിഎയ്ക്ക് ഒപ്പം;ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ.
അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തിന് ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് നിതീഷെത്തിയത്. കൺവീനർ പദവിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. മമതയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിൻ്റെ നിർദ്ദേശം.
നിതീഷിനെ പരിഹസിച്ച് കോൺഗ്രസ്
നിറം മാറുന്ന നിതീഷ് ഓന്തിന് വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ബിഹാറിലെ ജനങ്ങള്‍ ഈ വഞ്ചന പൊറുക്കില്ല. ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള മോദിയുടെയും ബിജെപിയുടെ ശ്രമമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
നിതീഷ് മുന്നണി വിടുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. നിതീഷിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരുപാട് പേരുണ്ട്. സംഭവിക്കുമെന്ന് കരുതിയത് സംഭവിച്ചു. ഇന്ത്യ സഖ്യം ഉലയാതിരിക്കാനാണ് നിശബ്ദദ പാലിച്ചത്. നിതീഷ് കൂറുമാറുമെന്ന് ലാലുപ്രസാദ് യാദവിനെയും തേജസ്വിയെയും അറിച്ചിരുന്നുവെന്നും ഖർഗെ വ്യക്തമാക്കി.
അതേസമയം വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായുള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് നീണ്ടും എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ പങ്കാളിയായി. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങിയത്.